- June 21, 2025
അമലാ കാൻസർ ഗവേഷണ കേന്ദ്രത്തിൽ നിന്നും 115 പി.എച്ച്.ഡി.
1984-ൽ പദ്മഭൂഷൺ റവ. ഡോ. ഫ്രാ. ഗബ്രിയേൽ ചിറമൽ സി.എം.ഐ. യുടെ ദീർഘ വീക്ഷണത്തിൽ ആരംഭിച്ച അമല കാൻസർ റിസർച്ച് സെൻററിൽ നിന്നും, 115 പേർ പി.എച്ച്.ഡി. ബിരുദം നേടി. ഗവേഷണ മേഖലയിൽ കൈവരിച്ച ഈ നേട്ടത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങ് അമലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു. റിസർച്ച് ഡയറക്ടർ ഡോ വി രാമൻകുട്ടി അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗൺസിലിനു കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഇൻ ന്യൂട്രസൂട്ടിക്കൽസ് ചീഫ് സയന്റിസ്റ്റ് ഡോ റൂബി ജോൺ ആന്റോ മുഖ്യപ്രഭാഷണം നടത്തി. കേരള സർവകലാശാല ബയോ കെമിസ്ട്രി പ്രൊഫസറും ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ മെമ്പറുമായ ഡോ പി ആർ സുധാകരൻ, ഡോ ടി ഡി. ബാബു, ഡോ അച്യുതൻ സി ആർ, ഡോ സൂരജ്, ഡോ മനു കെ ആര്യൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഫാ. ഗബ്രിയേൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ അവാർഡ്, ഡോ. രാമദാസൻ കുട്ടൻ എൻഡോവ്മെൻറ് അവാർഡ് എന്നിവക്ക് അർഹയായ ഡോ. പി. കെ. ശ്രുതിയെ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി ചടങ്ങിൽ ആദരിച്ചു. കാലിക്കറ്റ്, മഹാത്മാഗാന്ധി, ആരോഗ്യശാസ്ത്ര സർവകലാശാലകളുടെ അംഗീകൃത ഗവേഷണ കേന്ദ്രമായ അമല, ഇന്ന് ഇന്ത്യയിലും വിദേശത്തും വളരെ പ്രശസ്തമാണ്.